Wednesday 13 February 2013

ഒരു മഴസ്വപ്നം


നിന്നിലേക്ക്
ഇലകള്‍ നീട്ടിയ
ഒരു കാട്ടുചെടിയാണു ഞാന്‍!

ഒടുവിലിതാ
ഈ മരുഭൂമിയില്‍
ചന്ദ്രകിരണങ്ങള്‍
തൊട്ടുരുമി തീപാറുന്ന
രാത്രികളില്‍
ഒരു മഴസ്വപ്നം
ഇരുണ്ടു കയറുന്നു മരണത്തില്‍...

അതാ ചിതറിയ മഴവില്ലിന്‍റെ
തണുത്ത നിറങ്ങളില്‍ നിന്ന്
ഒരു തീ നാളമായ്
ഞാന്‍ പുനര്‍ജ്ജനിക്കുന്നു!

ഇല്ല ഞാന്‍, ഇല്ല നീ



പെയ്യാതെ പോയ
വേനല്‍ മേഘങ്ങളെ,
ഓര്‍മ്മയിലത്രയും വര്‍ഷപാതങ്ങളെ,
ചോര്‍ന്നൊലിക്കുന്നു
ജീവനിലായിരം നക്ഷത്ര രശ്മികള്‍!

ഇല്ല ഞാന്‍
ഇല്ല നീ
നാം വെറുമൊരു
നിമിഷാര്‍ദ്ധമാം
ദുഃസ്വപ്ന മിഥ്യകള്‍;
ആരോ കണ്ടു മടുത്താം
ഏതോ മഹാമന്ത്രം തളച്ചാതാം മിഥ്യകള്‍.

ചോര മണക്കുന്ന തെരുവുകള്‍ തോറും
ചോറുതേടിയലഞ്ഞ ഭിക്ഷാം ദേഹികള്‍;
കാലിതറച്ചതാം
പിഞ്ചു ഹൃദയത്തിലെ
അമ്മേയെന്നൊരു തുടിപ്പില്‍ ചവിട്ടിനാം
ജന്മാന്തരമോക്ഷം തേടിയലഞ്ഞ ഭിക്ഷാം ദേഹികള്‍.

ഇനിയില്ല നീ
ഇനിയില്ല ഞാന്‍
നാം പണ്ടേ മരിച്ചു പോയവര്‍
നാം പണ്ടേ ജനിക്കാന്‍ മറന്നവര്‍.

Monday 4 February 2013

എന്നു തുടങ്ങുന്നൊരു കവിത



നീറി നീറി എരിഞ്ഞെരിഞ്ഞൊരു കാട്!
നോക്ക്, ഞാന്‍ പറഞ്ഞുവരുന്നത്
നിന്നെക്കുറിച്ചാണ്...
നിന്നെ സ്മരിക്കുമ്പോള്‍
ഓര്‍മ്മയില്‍
തീപിടിക്കുന്ന ഒരു കാടുണ്ടെന്നാണ്!

ഓര്‍മ്മകളുടെ കാട്ടുതീ...
ഹാ! ചിലനേരം
ഒരു വസന്തംതന്നെ
എരിച്ചടക്കാന്‍
ഓര്‍മ്മയുടെ ഒരു നിമിഷം!

ഓര്‍ത്താല്‍ നല്ല തമാശ തന്നെ!

എപ്പോഴാണ്
ശവം അഴുകുന്ന
താഴ്വരകളില്‍ ഞെട്ടിയുണര്‍ന്നത്!?
ഇപ്പോള്‍
സ്വപ്നങ്ങളെല്ലാം
ഏതോ പ്രേത ബാധയുടെ
നഷ്ടസ്മരണകള്‍!

നോക്ക്,
നിന്നെക്കുറിച്ചാണ്
ഞാന്‍ പറയാന്‍ തുടങ്ങിയത്...
'നിന്‍റെ ഒരു ചുംബനം സ്മരിക്കുമ്പോള്‍
ഓര്‍മ്മയില്‍
ഒരു കാടിനു തീപിടിക്കുന്നു'
എന്ന് അവസാനിക്കുന്നോരു കവിതയെക്കുറിച്ച്!
Blogger Widgets