Wednesday, 13 February 2013

ഒരു മഴസ്വപ്നം


നിന്നിലേക്ക്
ഇലകള്‍ നീട്ടിയ
ഒരു കാട്ടുചെടിയാണു ഞാന്‍!

ഒടുവിലിതാ
ഈ മരുഭൂമിയില്‍
ചന്ദ്രകിരണങ്ങള്‍
തൊട്ടുരുമി തീപാറുന്ന
രാത്രികളില്‍
ഒരു മഴസ്വപ്നം
ഇരുണ്ടു കയറുന്നു മരണത്തില്‍...

അതാ ചിതറിയ മഴവില്ലിന്‍റെ
തണുത്ത നിറങ്ങളില്‍ നിന്ന്
ഒരു തീ നാളമായ്
ഞാന്‍ പുനര്‍ജ്ജനിക്കുന്നു!

ഇല്ല ഞാന്‍, ഇല്ല നീപെയ്യാതെ പോയ
വേനല്‍ മേഘങ്ങളെ,
ഓര്‍മ്മയിലത്രയും വര്‍ഷപാതങ്ങളെ,
ചോര്‍ന്നൊലിക്കുന്നു
ജീവനിലായിരം നക്ഷത്ര രശ്മികള്‍!

ഇല്ല ഞാന്‍
ഇല്ല നീ
നാം വെറുമൊരു
നിമിഷാര്‍ദ്ധമാം
ദുഃസ്വപ്ന മിഥ്യകള്‍;
ആരോ കണ്ടു മടുത്താം
ഏതോ മഹാമന്ത്രം തളച്ചാതാം മിഥ്യകള്‍.

ചോര മണക്കുന്ന തെരുവുകള്‍ തോറും
ചോറുതേടിയലഞ്ഞ ഭിക്ഷാം ദേഹികള്‍;
കാലിതറച്ചതാം
പിഞ്ചു ഹൃദയത്തിലെ
അമ്മേയെന്നൊരു തുടിപ്പില്‍ ചവിട്ടിനാം
ജന്മാന്തരമോക്ഷം തേടിയലഞ്ഞ ഭിക്ഷാം ദേഹികള്‍.

ഇനിയില്ല നീ
ഇനിയില്ല ഞാന്‍
നാം പണ്ടേ മരിച്ചു പോയവര്‍
നാം പണ്ടേ ജനിക്കാന്‍ മറന്നവര്‍.

Monday, 4 February 2013

എന്നു തുടങ്ങുന്നൊരു കവിതനീറി നീറി എരിഞ്ഞെരിഞ്ഞൊരു കാട്!
നോക്ക്, ഞാന്‍ പറഞ്ഞുവരുന്നത്
നിന്നെക്കുറിച്ചാണ്...
നിന്നെ സ്മരിക്കുമ്പോള്‍
ഓര്‍മ്മയില്‍
തീപിടിക്കുന്ന ഒരു കാടുണ്ടെന്നാണ്!

ഓര്‍മ്മകളുടെ കാട്ടുതീ...
ഹാ! ചിലനേരം
ഒരു വസന്തംതന്നെ
എരിച്ചടക്കാന്‍
ഓര്‍മ്മയുടെ ഒരു നിമിഷം!

ഓര്‍ത്താല്‍ നല്ല തമാശ തന്നെ!

എപ്പോഴാണ്
ശവം അഴുകുന്ന
താഴ്വരകളില്‍ ഞെട്ടിയുണര്‍ന്നത്!?
ഇപ്പോള്‍
സ്വപ്നങ്ങളെല്ലാം
ഏതോ പ്രേത ബാധയുടെ
നഷ്ടസ്മരണകള്‍!

നോക്ക്,
നിന്നെക്കുറിച്ചാണ്
ഞാന്‍ പറയാന്‍ തുടങ്ങിയത്...
'നിന്‍റെ ഒരു ചുംബനം സ്മരിക്കുമ്പോള്‍
ഓര്‍മ്മയില്‍
ഒരു കാടിനു തീപിടിക്കുന്നു'
എന്ന് അവസാനിക്കുന്നോരു കവിതയെക്കുറിച്ച്!

Friday, 10 August 2012

മരണത്തിന്റെ ശിഖരം

നക്ഷത്രങ്ങളുടെ
ജാലക പഴുതിലൂടെ
നീ ഭൂമിയിലേക്ക്
നോക്കുക...
നിലാവുപോല്‍
ആകാശമിറങ്ങി നീ വരിക...

കടലുകള്ക്കുമീതെ
ചിറകുവിടര്ത്തി പറന്നെത്തുക...
ചാറ്റല് മഴനനഞ്ഞ
ചിറകുകുടഞ്ഞെന്റെ
ജീവന്റെ ചില്ലയിരിക്കുക...

നിന്റെ നെറുകയിലൊരു
സന്ധ്യ
ചേര്ത്തുവച്ച്
പിന്‍വാങ്ങട്ടെ ഇരുളില്
ഞാന്‍ .....

പുകയുന്ന
അഗ്നിപര്‍വ്വതങ്ങള്‍
തണുക്കുമെന്നും
അവിടെ പൂക്കള്‍
വിടരുമെന്നും;
കാണാം ഇനിയുമൊരു
ജന്മത്തിലാ-
പര്‍വ്വത
ശിഖരത്തിലായ്...

കുരുതി ജലത്തിനോളംചുവപ്പ്

നക്ഷത്രങ്ങള്‍
ഭൂമിയില്‍
പരവതാനി
തൂവിയതുപോലെ

കൈക്കുടന്ന നിറയെ
ഇലഞ്ഞി പൂകളുമായി
വരുന്ന ഒരു പെണ്‍കുട്ടി

അവളുടെ കണ്ണിലെ
വിഷാദ ച്ഛവി
ഇന്ന് പൊഴിച്ച പുതുപൂക്കള്‍
പെറുക്കിയെടുത്തത്

നനഞ്ഞു മണ്ണിലമര്ന്ന
എന്റെ കൂടി
സ്വപ്നങ്ങളായിരുന്നു

അന്ന്
ആ സ്വപ്നങ്ങള്‍ക്ക്
മഴവില്ലിനോളം
ചാരുത

ഓര്‍മ്മകള്‍ക്ക്
ഇന്ന്
കുരുതി ജലത്തിനോളം
ചുവപ്പ്

Monday, 23 April 2012

ഓരോ രാജ്യങ്ങള്‍ ...


ഓരോ ഫ്ലാറ്റും
ഓരോ
രാജ്യങ്ങളാണ്...
അദൃശ്യമായ
വേലിക്കെട്ടിനാല്‍
വേര്‍ത്തിരിക്കപ്പെട്ട
രാജ്യങ്ങള്‍ ...

ഉള്ളില്‍ ആഭ്യന്തിര കലാപം...
ചുണ്ടില്‍ പുഞ്ചിരി...
പാര്ലിമെന്റില്‍
ഇടക്കാല സമ്മേളനത്തിനു
എത്തുംപോലെ
വല്ലപ്പോഴും
കണ്ടുമുട്ടുന്ന
രക്തബന്ധങ്ങള്‍ !

ഐ ടി യിലും
ഊഹക്കച്ചവടത്തിലും
വിത്തെറിഞ്ഞു
വിളവു
കാത്തിരിക്കുന്ന
പ്രജകള്‍ ...

ഓണം,വിഷു,കൃസ്തുമസ്...
നൊസ്റ്റാള്ജിയയില്‍
പൊതിഞ്ഞ
വോട്ടിംഗ് ദിനങ്ങള്‍ ...!

ഒരു ബോംബിന്‍റെ
പൊട്ടിത്തെറിക്കുമുന്‍പുള്ള
സെക്കന്‍റുകള്‍ ...
ഒരു ഭീകരനെ തേടി
തോക്കോ ലാത്തിയോ?
ആര്‍ക്കറിയാം?

സമയമില്ലതീരെ!

Monday, 16 April 2012

ഒരുത്തനും ഒരുത്തിയുംഒരുത്തന്‍:
സദാചാരത്തിന്‍റെ
കൊടിയാണെന്‍റെ കൈയ്യില്‍:-|
ഒരുത്തി:
ഫെമിനിസം മൂത്ത്
മുറിച്ച മുടിയാണെന്‍റെ കൈയ്യില്‍...

ആ, ഒരുത്തന്‍:
ചാറ്റിങില്‍;
ഡാര്‍ലിങ് കെട്ടിയോനുറങ്ങിയോ:-*

ആ, ഒരുത്തി:
കാമുകനോട്;
എനിക്കറിയണം
നിന്‍റെ ചുണ്ടിലാരാ കടിച്ചത്:-|

ഒരുത്തനും
ഒരുത്തിയും:
വിയര്‍ക്കുന്നവനുവേണ്ടി
പോരാടുക
അവന്‍റെ അവകാശങ്ങള്‍ക്കുവേണ്ടി
വിയര്‍പ്പൊഴുക്കുക...
NB: പശ്ചാത്തലം.
എ.സി. റൂം.
കൈയ്യില്‍ തുളുമ്പുന്ന വോഡ്ക...

അനന്തരം
സിസ്റ്റം ഷട്ട് ഡൌണാകുന്നു.

അതേ ഒരുത്തന്‍
വരാന്‍ വൈകിയ
ഡ്രൈവറേ തന്തക്കുപറയുന്നു:-@

അതേ ഒരുത്തി പട്ടിക്കൂടു
കഴുകാന്‍ വൈകിയ
ജോലിക്കാരിയെ
തള്ളക്കുപറഞ്ഞ്
പട്ടിക്ക് ഉമ്മകൊടുക്കുന്നു:-*
Blogger Widgets