Friday, 10 August 2012

മരണത്തിന്റെ ശിഖരം

നക്ഷത്രങ്ങളുടെ
ജാലക പഴുതിലൂടെ
നീ ഭൂമിയിലേക്ക്
നോക്കുക...
നിലാവുപോല്‍
ആകാശമിറങ്ങി നീ വരിക...

കടലുകള്ക്കുമീതെ
ചിറകുവിടര്ത്തി പറന്നെത്തുക...
ചാറ്റല് മഴനനഞ്ഞ
ചിറകുകുടഞ്ഞെന്റെ
ജീവന്റെ ചില്ലയിരിക്കുക...

നിന്റെ നെറുകയിലൊരു
സന്ധ്യ
ചേര്ത്തുവച്ച്
പിന്‍വാങ്ങട്ടെ ഇരുളില്
ഞാന്‍ .....

പുകയുന്ന
അഗ്നിപര്‍വ്വതങ്ങള്‍
തണുക്കുമെന്നും
അവിടെ പൂക്കള്‍
വിടരുമെന്നും;
കാണാം ഇനിയുമൊരു
ജന്മത്തിലാ-
പര്‍വ്വത
ശിഖരത്തിലായ്...

കുരുതി ജലത്തിനോളംചുവപ്പ്

നക്ഷത്രങ്ങള്‍
ഭൂമിയില്‍
പരവതാനി
തൂവിയതുപോലെ

കൈക്കുടന്ന നിറയെ
ഇലഞ്ഞി പൂകളുമായി
വരുന്ന ഒരു പെണ്‍കുട്ടി

അവളുടെ കണ്ണിലെ
വിഷാദ ച്ഛവി
ഇന്ന് പൊഴിച്ച പുതുപൂക്കള്‍
പെറുക്കിയെടുത്തത്

നനഞ്ഞു മണ്ണിലമര്ന്ന
എന്റെ കൂടി
സ്വപ്നങ്ങളായിരുന്നു

അന്ന്
ആ സ്വപ്നങ്ങള്‍ക്ക്
മഴവില്ലിനോളം
ചാരുത

ഓര്‍മ്മകള്‍ക്ക്
ഇന്ന്
കുരുതി ജലത്തിനോളം
ചുവപ്പ്

Monday, 23 April 2012

ഓരോ രാജ്യങ്ങള്‍ ...


ഓരോ ഫ്ലാറ്റും
ഓരോ
രാജ്യങ്ങളാണ്...
അദൃശ്യമായ
വേലിക്കെട്ടിനാല്‍
വേര്‍ത്തിരിക്കപ്പെട്ട
രാജ്യങ്ങള്‍ ...

ഉള്ളില്‍ ആഭ്യന്തിര കലാപം...
ചുണ്ടില്‍ പുഞ്ചിരി...
പാര്ലിമെന്റില്‍
ഇടക്കാല സമ്മേളനത്തിനു
എത്തുംപോലെ
വല്ലപ്പോഴും
കണ്ടുമുട്ടുന്ന
രക്തബന്ധങ്ങള്‍ !

ഐ ടി യിലും
ഊഹക്കച്ചവടത്തിലും
വിത്തെറിഞ്ഞു
വിളവു
കാത്തിരിക്കുന്ന
പ്രജകള്‍ ...

ഓണം,വിഷു,കൃസ്തുമസ്...
നൊസ്റ്റാള്ജിയയില്‍
പൊതിഞ്ഞ
വോട്ടിംഗ് ദിനങ്ങള്‍ ...!

ഒരു ബോംബിന്‍റെ
പൊട്ടിത്തെറിക്കുമുന്‍പുള്ള
സെക്കന്‍റുകള്‍ ...
ഒരു ഭീകരനെ തേടി
തോക്കോ ലാത്തിയോ?
ആര്‍ക്കറിയാം?

സമയമില്ലതീരെ!

Monday, 16 April 2012

ഒരുത്തനും ഒരുത്തിയുംഒരുത്തന്‍:
സദാചാരത്തിന്‍റെ
കൊടിയാണെന്‍റെ കൈയ്യില്‍:-|
ഒരുത്തി:
ഫെമിനിസം മൂത്ത്
മുറിച്ച മുടിയാണെന്‍റെ കൈയ്യില്‍...

ആ, ഒരുത്തന്‍:
ചാറ്റിങില്‍;
ഡാര്‍ലിങ് കെട്ടിയോനുറങ്ങിയോ:-*

ആ, ഒരുത്തി:
കാമുകനോട്;
എനിക്കറിയണം
നിന്‍റെ ചുണ്ടിലാരാ കടിച്ചത്:-|

ഒരുത്തനും
ഒരുത്തിയും:
വിയര്‍ക്കുന്നവനുവേണ്ടി
പോരാടുക
അവന്‍റെ അവകാശങ്ങള്‍ക്കുവേണ്ടി
വിയര്‍പ്പൊഴുക്കുക...
NB: പശ്ചാത്തലം.
എ.സി. റൂം.
കൈയ്യില്‍ തുളുമ്പുന്ന വോഡ്ക...

അനന്തരം
സിസ്റ്റം ഷട്ട് ഡൌണാകുന്നു.

അതേ ഒരുത്തന്‍
വരാന്‍ വൈകിയ
ഡ്രൈവറേ തന്തക്കുപറയുന്നു:-@

അതേ ഒരുത്തി പട്ടിക്കൂടു
കഴുകാന്‍ വൈകിയ
ജോലിക്കാരിയെ
തള്ളക്കുപറഞ്ഞ്
പട്ടിക്ക് ഉമ്മകൊടുക്കുന്നു:-*

Saturday, 14 April 2012

മറവിയിലേക്ക്
നെഞ്ചില്‍
കുത്തി ആഴ്ത്തിയ
എന്‍റെ
ഓര്‍മ്മകളെ വലിച്ചൂരി
നിന്നെ എനിക്ക്
മറവിയുടെ മാറിലേക്ക്
തിരിച്ചയക്കണം

പ്രണയത്തിനെയും
വിരഹത്തെയും
വേര്‍തിരിക്കുന്ന
നേര്‍ത്ത
ജലരേഖ ഇന്ന്
സൂര്യനെ കാമിച്ചു
മൃതിയില്‍
അലിഞ്ഞു ചേര്‍ന്നു

പരാജയപ്പെടും
എന്നറിഞ്ഞുകൊണ്ടും
ഇന്ന്
ഞാന്‍ നിന്‍റെ
മൗനത്തിന്‍റെ
ആഴം അളക്കാന്‍
ഇറങ്ങിത്തിരിച്ചിരിക്കുന്നു

ഇന്ന് ഞാന്‍
കാലം തെറ്റിയ
ഋതു
അതില്‍ ഇനി
വസന്തത്തിന്‍
മഴവില്ല് വിരിയില്ല

പ്രണയത്തില്‍ തുടങ്ങി
വിരഹത്തിലൂടെ
സഞ്ചരിച്ച്
മൃതിയിലെക്കുള്ള
ഈ യാത്ര
അതിന്‍റെ
പൂര്‍ണ്ണതയില്‍
അലിഞ്ഞു ചേരാന്‍
ഇനി എത്രനാള്‍

എനിക്കുമാത്രം കാണാന്‍ കഴിയുന്ന നിറങ്ങള്‍
ഇന്നും ചോരപൊടിയുന്ന
മുറിവുകളില്‍
നിന്‍റെ
ഓര്‍മ്മയുണര്‍ത്തുന്ന
നീറ്റല്‍ ...

ഓര്‍മ്മകളുടെ
ചവറ്റുകൂനക്ക് തീവച്ച്
തിരിഞ്ഞുനടക്കുമ്പോഴും
കാതോര്‍ത്തത്
ഒരു പിന്‍ വിളി...

എത്രപെയ്തിട്ടും
എന്നിലെ
തീയ്യണക്കാത്ത
ഒരു വേനല്‍ മഴ മാത്രം
നിന്‍റെ ഓര്‍മ്മകള്‍ ...

നിന്‍റെ കൈപിടിച്ച്
നടന്ന വഴികളില്‍
ഇപ്പോഴും
വസന്തം രാപ്പാര്‍ക്കുന്നു;
ഇരുളില്‍
എനിക്കുമാത്രം
കാണുവാന്‍ കഴിയുന്ന
ആയിരം നിറങ്ങളോടെ...

ഒരിക്കലും പുലരാത്ത
എന്‍റെ രാത്രിയില്‍
നിന്‍റെ കണ്ണിലെ
വജ്രശോഭ
എന്‍റെ വഴിയും
വെളിച്ചവുമാകുന്നു...
എനിക്കതുമതി...

വിരഹത്തെക്കുറിച്ച് ചിലത്മൃതിയുടെ
മാറാലക്കിടയിലേക്ക്
സ്വപ്നത്തിന്‍
തൂവല്‍ ചേര്‍ത്തു
ഒരു പകല്‍ കൂടെ
എരിഞ്ഞമര്‍ന്നു

അവളുടെ
കണ്ണില്‍ പ്രതിഫലിച്ച
കണ്ണുനീരില്‍
പകല്‍ കെട്ടിയാടിയ
മൂഢ സ്വര്‍ഗങ്ങള്‍
കുത്തിയൊലിച്ചു


പ്രണയ ശൈലത്തില്‍
മഞ്ഞിന്‍ പട്ടുടുത്തു
എന്നെ
തഴുകി മാഞ്ഞ
നിന്നെ ഞാന്‍
മനസിന്‍റെ ഏതുകോണില്‍
പ്രതിഷ്ട്ടിക്കും

മൃതിയെന്ന
കാറ്റുവീഴ്ച ഏല്‍ക്കാത്ത
മഹാമേരുവില്‍ നിന്നും
നിന്നെ
അടര്‍ത്തി മാറ്റാന്‍
ഏതു ഗണിത സിദ്ധാന്തത്തില്‍
ഞാന്‍ അഭയം തേടണം

വിരഹം
അതൊരു
നീരുറവയാണ്
നിന്‍റെ
കണ്ണില്‍ നിന്നും
ഉത്ഭവിച്ച്
എന്നില്‍
അലിഞ്ഞു ചേരാന്‍
വെമ്പുന്ന
ഒരു ഹിമകണം 

ചുവന്ന അക്കംമുപ്പതു
വെള്ളിക്കാശിനു
തുണിയുരിഞ്ഞു നിന്ന
അവളുടെ കണ്ണില്‍
കണ്ട തിളക്കം
കാമം എന്ന്
തെറ്റിദ്ധരിച്ചവര്‍ ‍...

നിരവികാരതയിലും
അവള്‍
പൂത്തുലഞ്ഞത്
പോതിചോറില്‍
കുഞ്ഞു വിരലുകള്‍
നൃത്തം ചെയ്യുന്ന
സ്വപ്നം കണ്ടിട്ട്...

മണല്‍ തിന്നുതീര്ത്ത
ഒരു നദി പോലെ
അവള്‍ ലോകത്തിനുമുന്നില്‍
വറ്റിവരണ്ട്
മലര്‍ന്നു കിടക്കുന്നു...

പകല്‍ ബിംബങ്ങള്‍
പാതിരാവില്‍
തനിക്ക്
സ്തുതി പാടുമ്പോള്‍
ഒരു മൂടുപടം
നിനക്ക്
സ്വപ്നം കാണാം

നാളെയില്‍
വന്നു ചേരുന്ന
വിശുദ്ധി തന്‍
മുദ്രണം...
പകലില്‍
നിന്നെ വാഴ്ത്തപ്പെട്ടു
സ്നാനം ചെയ്യിക്കുന്ന
ആ ചുവന്ന അക്കം...

ജന്മമുദ്രചില നിമിഷങ്ങളില്‍
യുഗങ്ങളിലൂടെ നാം
വീണ്ടും ജീവിക്കുന്നു...

ഉണര്‍ച്ചയുടെ
അരണ്ട വെളിച്ചത്തിലേക്ക്
കണ്ണുതുറക്കുമ്പോള്‍
ഏതോയുഗത്തിലെ
മഞ്ഞുപെയ്യുന്ന രാത്രിയുടെ
ഓര്‍മ്മ നെഞ്ചില്‍ എരിയുന്നു...

ഇതാ പുതിയൊരു
വേഷപ്പകര്‍ച്ചയില്‍
നീ എന്നെ തിരിച്ചറിയുവാന്‍
കളഞ്ഞുപോയ മുദ്രമോതിരം
നിസാഹയതയുടെ
ആഴങ്ങളില്‍
ഞാന്‍ തിരയുന്നു...

യുഗങ്ങളുടെ ആത്മബന്ധം
തിരിച്ചറിയപ്പെടാതെ
ഒരേ ഇടനാഴിയിലൂടെ
മുഖം തിരിച്ചു
കടന്നുപോകുമ്പോഴും
നമ്മുടെ നെടുവീര്‍പ്പുകള്‍
ജന്മദൂരങ്ങള്‍ ഭേധിച്ച്
തിരിച്ചറിയുന്നുണ്ടാകും

ആഴ്ന്ന് പോകുന്ന വെളിച്ചം
ശിരസ്സില്‍
ഒരു വാള്‍മുന
പതിക്കുന്നു...
കണ്ണില്‍
സൂര്യനും ചന്ദ്രനും
നക്ഷത്രങ്ങളും
ആഴ്ന്ന്,ആഴ്ന്നിറങ്ങുന്നു...
ഇരുട്ട്,ഇരുട്ട്...

മങ്ങുന്ന ഓര്‍മ്മകളില്‍ ,
ചിതറിയ
കണ്ണാടിതുണ്ടുകളില്‍ ,
നിന്‍റെ മുഖങ്ങള്‍ ...

ഇടറിപോകുന്നു
ഏതോ ഗര്‍ത്തത്തിലേക്ക്,
ആഴങ്ങളില്‍ നിന്ന്,
ആഴങ്ങളിലേക്ക്...
അവസാനമില്ലാതെ...

ഇരുട്ട്,ഇരുട്ട്...
സുര്യനും ചന്ദ്രനും
നക്ഷത്രങ്ങളും...
കണ്ണുകളിലേക്ക്
ആഴ്ന്ന്,ആഴ്ന്ന് പോകുന്ന
വെളിച്ചങ്ങള്‍ ...
ഇരുട്ട്,ഇരുട്ട്..

നിന്‍റെ മൌനത്തെക്കുറിച്ച്
കോരിച്ചൊരിയുന്ന മഴയില്‍
നമുക്ക്
കൈകോര്‍ത്തു നടക്കണം

എനിക്ക് അറിയണം
നിന്‍റെ കവിളിലൂടെ ഒലിച്ചിറങ്ങുന്ന
മഴത്തുള്ളിക്കോ
അതോ
നിന്‍റെ കണ്ണുകള്‍ക്കോ
നക്ഷത്ര തിളക്കം എന്ന്

പെണ്ണേ
പ്രണയാതുരമായ
നിന്‍റെ
നയനങ്ങളോളം വരില്ല
പ്രപഞ്ചവും
അതിലെ
ഒരു താരകവും

ദൂരെ പാടുന്ന
രാപ്പാടികള്‍ പാടിത്തളര്‍ന്നതും
നിന്നെക്കുറിച്ചായിരുന്നു
നിന്‍റെ
മൗന പ്രണയത്തെക്കുറിച്ച്

ദൂരെ പെയ്യുന്ന മഴ
നീ വന്നെത്തുന്നതു വരെ
സമയത്തിന്
എത്ര ദൈയിര്‍ഘ്യമായിരുന്നു...

നീ പലതും
പറഞ്ഞിരുന്നപ്പോള്‍
ഞാനൊന്നും
കേള്‍ക്കുന്നില്ലായിരുന്നു...

ഞാന്‍ നിന്നെ
കാണുകയായിരുന്നു...

ഹൃദയം കവിഞ്ഞ്
കണ്ണുനിറച്ച്
ഒഴുകിയതെന്താണ്!!!
കണ്ണുനീരോ?
സ്നേഹമോ?

കാറ്റില്‍
ഇലകളടര്‍ന്ന്
ഈ മുറ്റമാകെ നിറഞ്ഞതും,
മഴപെയ്തീ
തൊടിയാകെ നനഞ്ഞതും
ഞാനറിഞ്ഞില്ല...

നീ പോയതിനു ശേക്ഷം
ഓരോ ഇലയും
എന്‍റെ മുന്നില്‍
അടര്‍ന്നുവീഴുന്നു...
മഴയെത്ര ദൂരെ
പെയ്തു നില്‍ക്കുന്നു...

നിന്‍റെ അസാനീദ്ധ്യം
ഓര്‍മ്മിപ്പിച്ചുകൊണ്ട്
അകലേയെങ്ങോ
ഒരു തീവണ്ടി
എന്‍റെ ഹൃദയം
കീറിമുറിച്ച്
കടന്നുപോകുന്നു...

ചോരയില്‍ കുതിര്‍ന്ന ചിരി

വീണുടഞ്ഞ സ്വപ്നങ്ങള്‍ക്ക്‌മേല്‍
മറിഞ്ഞു വീണെന്‍റെ
ഹൃദയം മുറിഞ്ഞിരിക്കുന്നു

ഉതിരുന്ന ചോരയില്‍
നിന്‍റെ ചിത്രം
കുതിര്‍ന്നിരിക്കുന്നു

ചോരയൊലിക്കുന്ന
നെഞ്ചില്‍ പറ്റിപ്പിടിച്ചത്
ഞെട്ടിത്തെറിക്കുകയാണ്

ഓരോ മാത്രയും
ഇറ്റുവീഴുന്ന ചോര
നക്കിക്കുടിച്ചോരു
കരിനിഴല്‍ എന്നെ
പിന്തുടരുന്നു.

പാതിരാക്കടല്‍
കടഞ്ഞൊരു സൂര്യന്‍
പിന്നിലുദിക്കുന്നു

മുന്നിലേക്കൊരു നിഴല്‍ കൂടെ
വീണു പിടക്കുന്നു
എന്‍റെ സ്പന്ദനം
ഊര്‍ന്നു വീഴുന്നു

നെഞ്ചിലെ
കറുത്ത ചോരയില്‍ 
കുതിര്‍ന്നു
നിന്‍റെ ചിത്രത്തിലെ
ചിരി
മാഞ്ഞിരുന്നു

Tuesday, 10 April 2012

ദൈവം തെരുവില്‍
എനിക്ക്
നിന്‍റെ ഭാഷവേണം
നിന്‍റെ നിറം മങ്ങിയ
വേഷവും,
രുചിവറ്റിയ
വിശപ്പും
എനിക്ക് തരിക...

നീപോകുന്നിടങ്ങളില്‍
നിന്നോടൊപ്പം
എന്നെയും കൊണ്ടുപോകുക...

നീപാടുന്നപാട്ട്...
നീപറയുന്ന ഭാഷ...
എനിക്ക് പാടണം...
പറയണം...
നിനക്കൊപ്പം നീറണം
നിനക്കൊപ്പം നിറയണം...

പുഴുക്കുത്തേല്‍ക്കാത്ത
പൂക്കളും
എണ്ണയും
ചന്ദനവും മണക്കുന്ന
ഈ തടവറയും
എന്നെ വീര്‍പ്പുമുട്ടിക്കുന്നു

മുഖസ്തുതിയും
മോഹങ്ങളും,
ജീവനെ പിളരുന്ന
ശൂലമുനകള്‍ ,
വാളുകള്‍
ഭക്തിനിര്‍ഭര
ഭാരങ്ങള്‍ ‍...

എന്നെ
കൊണ്ടുപോകു..
ചന്തയിലും
കള്ളുഷാപ്പിലും
ചുവന്ന തെരുവിലും...

ശീലാബതിചില ഭാര്യകളും
കാമുകികളും
ഒരു ജാരനെ
സ്വപ്നം കാണുന്നില്ലെ?
ഉവ്വ്-
ഒരു പക്ഷേ,
എല്ലാ ലവളും
ഒരു ജാരനെ
ഉള്ളിലൊളിപ്പിക്കുന്നുണ്ട്:-D

സൂക്ഷിക്കണെ
പിടിക്കപ്പെട്ടാല്‍
"ഹിയ്യോ
പീഡിപ്പിച്ചേ"യെന്ന്
നിലവിളിച്ചേക്കും

അതെ-
ആരും'അറിയാതെ
പറയാതെ
നീ വന്നുവെങ്കില്‍ ‍'
എന്നാണ്
അവര്‍ മൂളിപാടുന്നത്

നീ പാടിചിരിക്കുന്നത്ചില്ല ഗ്ലാസ്സില്‍
നിറഞ്ഞൊഴിഞ്ഞ വൈന്‍...
നീ മൊത്തിക്കുടിച്ചത്
എന്‍റെ രക്തം!!

നിന്‍റെ മുടില്‍ ഞാന്‍ ചൂടിയ
കാല്‍പ്പനിക ദൈന്യത...
ഊര്‍ന്നു വീണ്,
നിന്‍റെ ചുവടുകള്‍ക്കടിയില്‍
ഞെരിഞ്ഞമരുന്ന
അതിന്‍റെ
ഒടുവിലെ സ്പന്ദനം...

നീ ഇപ്പോഴും
പാടിചിരിക്കുന്നുണ്ട്
എന്‍റെ പ്രാണന്‍റെ
ചോരപൊടിഞ്ഞ വാക്കുകള്‍...

ഓര്‍മ്മക്കുറിപ്പ്‌
നിന്‍റെ
കൈ പിടിച്ചു നടന്ന വഴികളില്‍
ഇപ്പോള്‍ മഴ പെയ്യുന്നുണ്ടാകാം

നിലാവിനെയും
നക്ഷത്രങ്ങളെയും
സ്വപ്നം കാണാന്‍
പഠിപ്പിച്ച
നിന്‍റെ മൗനം
അതിനോളം ഭീകരം
ഒന്നുമില്ല പ്രിയേ

പടികള്‍ ഇടറിയ
എന്‍റെ ജീവിതത്തില്‍
ഒരു
വേനല്‍ മഴപോലെ
പെയ്തൊഴിയാന്‍
നീ വരില്ല എന്നറിഞ്ഞിട്ടും
എന്തിനോ......

കണ്ണുനീരിന്‍റെ നിറംഒരു പുഞ്ചിരിയുടെ
വക്കിലൂടെ
കടന്നു പോകുമ്പോള്‍
ആരാണറിയുന്നത്
മരണത്തിന്‍റെ
അഗാധത
അരികിലുണ്ടെന്ന്...

ഓരോപുഞ്ചിരിയും
ഓരോ വിസ്മയങ്ങളാകുന്നു;
ചിലപ്പോഴെല്ലാം
തിരികെ കയറുവാന്‍
കഴിയാത്തത്ര
മഹാ ഗര്‍ത്തങ്ങളും...

തിരിച്ചറിവിന്‍റെ
ഏതൊ നിമിഷത്തില്‍ ,
മരണത്തിന്‍റെ
കറുത്ത താഴ്ച്ചക്കരികിലൂടെ
കൈവീശി
നടന്നതോര്‍ത്ത്
നാം നടുങ്ങിപോകുന്നു...

(അപ്പോള്‍
സ്നേഹമേല്‍പ്പിച്ച
മുറിവുകളില്‍ നിന്ന്
ഊറിവരുന്ന രക്തത്തിന്
കണ്ണുനീരിന്‍റെ
നിറമായിരിക്കും)

തെറ്റിപോകാനിടയുള്ള വഴി...നിങ്ങള്‍ കണ്ടിട്ടുണ്ടോ,
ഒരു വഴി;

നമുക്ക് മുന്നിലെവിടെയോ,
ഏതോ തിരിവില് ‍...
നാലും ചേര്‍ന്ന
കവലയില്‍ ...

നമ്മള്‍
തെറ്റിനടന്നു പോകാനിടയുള്ള
ഒരു വഴി...

തിരിച്ചു നടന്നാലും
ഇനിയുമിനിയും
അകന്നകന്ന്...

ങാം...
നിന്‍റെ വീട്ടിലേക്കുള്ള
വഴിയേ നടന്ന്

നിന്‍റെ ഹൃദയത്തില്‍ നിന്നും
ഞാനിപ്പോള്‍
എത്രയോ ദൂരെയാണ്...

ഇന്ന് ഞാന്‍ നാളെ നീതളിര്‍ത്തമരങ്ങള്‍
പുവ്വാടിയില്‍
തേന്‍ നുകര്‍ന്ന്
മതിമറന്ന്
ഉന്മാദത്തോടെ
ശലഭങ്ങള്‍ ...
ആഴങ്ങളില്‍
ഒരു കപ്പല്‍ചേതത്തിന്‍റെ ഓര്‍മ്മ...

ഇന്നുഞാന്‍
നാളെ നീയ്യെന്ന്
ആരോ വേദനിപ്പിച്ചു...

ഇന്നും നീ
നാളെയും നീയ്യെന്ന്
നമ്മള്‍ പരിഹസിച്ചു...


നമ്മുക്ക്
എ.ടി.എമ്മിന്‍റെ
വിനയമുണ്ട്!
ബാറില്‍ മദ്യവും
പോക്ക്റ്റില്‍ കോണ്ഡവും...

എങ്കിലും
എല്ലാം കഴിഞ്ഞ്
പിറ്റേന്ന്
സൂര്യവെളിച്ചത്തിലേക്ക്
കണ്ണുമിഴിക്കുമ്പോള്‍
കാതില്‍
ആരോ പറയുന്നു;
ഇന്നുഞാന്‍
നാളെ നീ...

നാശം
ഓര്‍മ്മകള്‍
ഉണ്ടായിരിക്കരുത്...

Monday, 9 April 2012

ഞാനെപ്പോഴാണ് തനിച്ചായത്നിന്നെ കാത്തുനിന്ന
ഓരോ നിമിഷങ്ങളും
ഞാന്‍ ഓര്‍മ്മിക്കുന്നു...

പ്രതീക്ഷയുടെ
ഓരോ മാത്രയും
എന്നെ കടന്നു പോകാന്‍
വളരെ പണിപ്പെട്ടു...

ഓരോ നെടുവീര്‍പ്പുകൊണ്ട്
ഹൃദയത്തെ
അടക്കുമ്പോഴെല്ലാം

ഒരു വെമ്പല്‍
വീണ്ടുമുണരുമായിരുന്നു...
നമുക്കിടയിലെ
ഒരു നിമിഷം പോലും
നഷ്ടപ്പെടാതിരിക്കാനാണ്
നിനക്ക് മുന്‍പ്
ഞാന്‍ വന്നത്
കാത്തുനിന്നത്...

പക്ഷേ,
എന്‍റെ മുന്നില്‍
ഒരിക്കല്‍പോലും
നീ അപ്രതീക്ഷിതമായി
കടന്നുവന്നില്ല...

എന്നും,എപ്പോഴും
ഞാന്‍ നിന്നെ
പ്രതീക്ഷിച്ചിരുന്നല്ലോ...

നിലാവില്‍ നനഞ്ഞ്
സൂര്യന്‍ എപ്പോഴാണ്
കെട്ടുപോയത്...

ഞാനെപ്പോഴാണ്
തനിച്ചായത്...!!!

ഒന്നും പറയാനില്ലനിന്നോട്
ഇനി എനിക്ക്
ഒന്നും പറയാനില്ല...
എന്നോട്
ഒന്നും പറയാനില്ലാത്ത

നിന്നോട്
എനിക്കിനിയൊന്നും
പറയാനില്ല...

എനിക്കുവേണ്ടി
ഒന്നുമൊന്നും
ഇനി ഞാന്‍
നിന്നോട് പറയുകയില്ല...

ഞാന്‍
തിരസ്കരിക്കപ്പെടുന്ന
നിന്‍റെയിടങ്ങളില്‍ നിന്ന്
എനിക്കീനിമിഷം വേണ്ടത്
മോചനം...

കാരണം
മരണത്തോട്
പലതും പറഞ്ഞുകൊണ്ടുള്ള
ജീവിതം
എനിക്ക് മടുത്തിരിക്കുന്നു...

കാമുകിയുടെ മുലകള്‍എന്‍റെ കാമുകിയുടെ
മുലകള്‍ക്കിടയിലൂടെ
ഒരു നദി ഒഴുകിയിരുന്നു .

പണ്ട്
അവളുടെ
മുലകളുടെ ചൂടിനെ
തണുപ്പിച്ചുകൊണ്ടു
അത്
പാതാളത്തിലേക്ക്
ഒഴുകിയിരുന്നു .

എന്‍റെ പൂര്‍വികരും
അവളെ പ്രണയിച്ചിരുന്നു ,
അന്നെല്ലാം
അവളുടെ മുലകള്‍ നിറയെ
വനം ആയിരുന്നത്രേ
കിളികളും
കളകളും നിറഞ്ഞു
പാമ്പും പഴുതാരയും
ഇഴഞ്ഞു നടന്നൊരിടം .

ഇന്ന് അതിന്‍റെ ഫോസിലുകള്‍
ഞങ്ങള്‍ കണ്ടെടുക്കാറുണ്ട്
തരിശായ
അവളുടെ മുലകള്‍ ഇന്ന്
രണ്ടു
അഗ്നി പര്‍വ്വതങ്ങള്‍ ആയി
പരിണമിച്ചിരിക്കുന്നു .

ഞങ്ങള്‍ക്കിപ്പോള്‍
ഉറക്കമില്ല
ആ രണ്ടു അഗ്നി പര്‍വ്വതങ്ങള്‍
എപ്പോള്‍ ആണ്
പൊട്ടിത്തെറിക്കുക എന്ന്
ആര്‍ക്കറിയാം ......?

എന്നെ കല്ലെറിയുക...
ഞാന്‍
പ്രണയിക്കുന്നവന്‍ ...
എന്നെ
കല്ലെറിയുക...
മുറിവേല്‍പ്പിക്കുക...

ആ വേദനകളൊന്നും
അവളുടെ
മൌനത്തോളം
എന്നെ
സ്പര്‍ശ്ശിക്കുകയില്ല...

ഞാന്‍
പ്രണയിച്ചവന്‍ ...
എന്നെ
ജീവനോടെ
ചിതയിലെറിയുക...
ഒരിടിമിന്നല്‍
നെഞ്ചിലേക്കെയ്യുക...

ഇല്ല!
ഈ നോവുകളൊന്നും
അവളുടെ
അഭാവത്തോളം
എന്നെ
ഉണര്‍ത്തുകയില്ല...

ഞാന്‍
പ്രണയിക്കുന്നു...
എന്നെ
ഇരുളിലെറിയൂ...
അവളില്ലാതെ
ഈ വെളിച്ചമെന്‍റെ
ഹൃദയത്തെ
ഞെരിച്ചുകൊണ്ടിരിക്കുന്നു...

Saturday, 7 April 2012

നക്ഷത്ര പൂക്കള്‍

നിനക്കു വേണ്ടിയാണ്
ഞാന്‍ അത് തേടിപ്പോയത്
മരുഭൂമിയില്‍ മാത്രം
പൂക്കുന്ന പൂവെന്ന്
ആരാണ് പറഞ്ഞത് ..?

ഏഴുകടല്‍ നീന്തിചെന്നാല്‍
സൂര്യന്‍ഉച്ചക്ക് വിശ്രമിക്കുന്ന
കൊടുമുടിയില്‍
വിരിയുന്ന പൂവെന്ന്
മറ്റാരോ
പഴംകഥ പറഞ്ഞു..

നടന്നു നടന്ന്
യാത്ര തുടങ്ങിയിടത്
ഞാന്‍ തിരിച്ചു വന്നപ്പോള്‍
നീ നിന്നിടത്
ഒരു പൂമരം

അതില്‍ നിറയെ
നക്ഷത്ര പൂക്കള്‍


Blogger Widgets